District News
മാനന്തവാടി: സൗഹൃദം നടിച്ച് 85കാരിയുടെ കമ്മൽ വലിച്ചുപറിച്ച് കവർന്നയാൾ പിടിയിൽ. വള്ളിയൂർക്കാവ് കാരത്തങ്കൽ സനീഷ് തോമസാണ്(46) അറസ്റ്റിൽ.
അയൽവാസിയായ വയോധികയുടെ ഇടതുകാതിലെ അര പവൻ വരുന്ന കമ്മലാണ് പ്രതി കവർന്നത്. ടൗണിലെ ജ്വല്ലറിയിൽ വിറ്റ കമ്മൽ പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ 17ന് വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം.
വീട്ടിലെത്തി കുശലാന്വേഷണം നടത്തുന്നതിനിടെ സനീഷ് വയോധികയെ കെട്ടിപ്പിടിക്കുകയും രണ്ടു ചെവിയിലും പിടിച്ചുവലിക്കുകയും ചെയ്തിരുന്നു. സനീഷ് പോയശേഷം ചെവിയിൽ വേദനയനുഭവപ്പെട്ടത് വയോധിക മരുമകളെ അറിയിച്ചു. അവർ പരിശോധിച്ചപ്പോഴാണ് ഇടതുകാതിലെ കമ്മൽ നഷ്ടമായെന്ന് മനസിലായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. എസ്ഐ റെജി സ്കറിയയാണ് കേസ് അന്വേഷിച്ചത്.
International
മാഡ്രിഡ്: മാതാപിതാക്കളെ വെടിവച്ചുകൊന്ന ഇരുപത്തഞ്ചുകാരൻ സ്പെയിനിൽ അറസ്റ്റിലായി. ഇയാളുടെ ഏഴു വയസുള്ള മകൻ അടക്കം നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റു.
തെക്കൻ സ്പെയിനിലെ എൽ എലിഡോ എന്ന ചെറു പട്ടണത്തിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
കൃത്യത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിന്നീട് പോലീസിനു കീഴടങ്ങുകയായിരുന്നു. പരിക്കേറ്റവരിൽ ഒന്നര വയസുള്ള കുഞ്ഞും ഉൾപ്പെടുന്നു.
District News
കോഴിക്കോട്: പാളയത്ത് വച്ച് വയോധികനെ ആക്രമിച്ച് പേഴ്സും പണവും മോഷ്ടിച്ച പ്രതി മേരിക്കുന്ന് പൂളക്കടവ് സ്വദേശി പുതിയേടത്ത് വീട്ടില്‍ ബെന്നി ലോയ്ഡി (47)നെ കസബ പോലീസും സിറ്റി ക്രൈം സ്കോഡും ചേര്‍ന്ന് പോലീസ് പിടികൂടി.
ഈ മാസം ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതിന് പാളയം ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് നല്ലളം കൊളത്തറ സ്വദേശിയായ 58 കാരനെയാണ് ആക്രമിച്ച് 5000 രൂപയും ആധാര്‍ കാര്‍ഡിന്റെ കോപ്പിയും മറ്റു രേഖകളുമടങ്ങിയ പേഴ്സ് പ്രതി തട്ടിപ്പറിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്.
പ്രതിക്കെതിരേ കോഴിക്കോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. മയക്കുമരുന്ന് സൂക്ഷിക്കല്‍, മയക്കുമരുന്ന് ഉപയോഗം, മോഷണം, പിടിച്ചുപറി, പൊതുസ്ഥലത്തുള്ള മദ്യപാനം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരില്‍ മുപ്പതിലേറെ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
District News
സുൽത്താൻ ബത്തേരി: നിർത്തിയിട്ട ഗുഡ്സ് ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷ്ടിച്ചയാൾ പിടിയിൽ. ഇരുളം മണൽവയൽ ചേർക്കാട്ടിൽ ഹാഷിഖി(38) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. എട്ടിന് പുലർച്ചെ ബത്തേരി ഫയർലാന്റിൽ അപ്പാർട്ട്മെന്റിനോട് ചേർന്ന് നിർത്തിയിട്ട ഗുഡ്സ് ഓട്ടോയിൽ നിന്ന് ഇയാൾ 5,500 രൂപ വില വരുന്ന ബാറ്ററി മോഷ്ടിക്കുകയും ബത്തേരിയിലെ ഒരു സ്ഥാപനത്തിൽ വിൽക്കുകയുമായിരുന്നു.
ബത്തേരി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ ശ്രീകാന്ത് എസ്. നായരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജെസ്വിൻ ജോയ് ആണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
കോഴിക്കോട് : മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന് പരിധിയിലെ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍. പ്രതി ഒളവണ്ണ കള്ളിക്കുന്ന് സ്വദേശി മേക്കോത്ത് കുനിയിൽ വീട്ടില്‍ മുഹമ്മദ് സാലിഹ് (28 ) നെയാണ് മെഡിക്കല്‍ കോളജ് പോലീസ് പിടികൂടിയത്.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഗോവിന്ദപുരത്തുള്ള ശാഖയില്‍ പ്രതി കഴിഞ്ഞ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി മുക്കുപണ്ടം പണയം വെച്ച് രണ്ട് ലക്ഷത്തി മുപ്പത്തിനായിരം രൂപ തട്ടിയെടുക്കുകയായിരുന്നു.
തുടര്‍ന്ന് ബാങ്ക് മാനേജരുടെ പരാതിയില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിക്ക് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമാനരീതിയിലുള്ള കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
District News
കൊല്ലം: മുൻ വിരോധം നിമിത്തം യുവാവിനെയും സുഹ്യത്തുക്കളേയും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഘത്തിൽ ഉൾപ്പെട്ട രണ്ടു യുവാക്കൾ പോലീസിന്റെ പിടിയിലായി.
കൊല്ലം, താമരക്കുളം പുകയില പണ്ടകശാല, ആറ്റുകാൽ പുരയിടത്തിൽ അംജിത്ത് (37), താമരക്കുളം, പുകയില പണ്ടകശാല ആഷിക്ക് മൻസിലിൽ ഇസഹാക്ക് (37) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
കൊല്ലം വലിയകട സ്വദേശിയായ യുവാവിനെയും സുഹ്യത്തുക്കളേയുമാണ് ഇവർ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. പ്രതികൾക്കെതിരെ യുവാവ് നൽകിയ കേസ് പിൻവലിക്കാത്തതിനെ തുടർന്നുള്ള മുൻവിരോധമാണ് ആക്രമത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ആറിന് രാത്രി 7.30 ആശ്രാമം ഹോക്കി സ്റ്റേഡിയത്തിനു സമീപം നിന്ന യുവാവിനെയും സുഹ്യത്തുക്കളേയും സംഘം ചേർന്നു വന്ന പ്രതികൾ ബിയർ കുപ്പിയും കമ്പിവടിയും കൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു നട ത്തിയ അന്വേഷണത്തിലാണ് സംഘത്തിൽ ഉൾപ്പെട്ട പ്രതികൾ പിടിയിലായത്.
അക്രമി സംഘത്തിൽ ഉൾപ്പെട്ട മറ്റോരു പ്രതിക്കായുള്ള അന്വേ ഷണം നടന്നു വരികയാണ്.കൊല്ലം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ സജിവിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ സന്ദീപ്, ജഗത് മോഹൻ സിപിഒമാരായ ഷൈജു, മുരുകേഷ്, ഷെഫീഖ്, അതുൽ, ദേവജിത്ത്, രാഹുൽ, അഭിഷന്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
District News
തണ്ണിത്തോട്: മേടപ്പാറ സ്വദേശിയായ യുവാവിനെ വാക്കത്തി കൊണ്ട് തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചയാളെ തണ്ണിത്തോട് പോലീസ് അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ ഉഷാ വിലാസം വീട്ടിൽ സുഭാഷ് (36) ആണ് അറസ്റ്റിലായത്.ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
സുഭാഷ് ഇപ്പോൾ താമസിച്ചുവരുന്ന തണ്ണിത്തോട് മേടപ്പാറയിൽ അയൽവാസിയുടെ ഭാര്യയെ സ്ഥിരമായി ശല്യം ചെയ്യുന്നുവെന്ന പേരിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിനു കാരണമായത്. എസ്എച്ച്ഒ വിപിൻ, എസ്ഐ നെപ്പോളിയൻ, എഎസ്ഐമാരായ ജയരാജ്, രജനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സുഭാഷിനെ അറസ്റ്റു ചെയ്തത്.
International
ജറൂസലെം: കിഴക്കന്‍ ജറൂസലെമിൽ കന്യാസ്ത്രീയെ ആക്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിലാണു 36കാരനായ പ്രതി അറസ്റ്റിലായതെന്ന് അധികൃതർ അറിയിച്ചു.
പ്രതിയുടെ പേരുവിവരം വെളിപ്പെടുത്തിയിട്ടില്ല. ആരാധനാസ്വാതന്ത്ര്യവും എല്ലാ സമുദായങ്ങളിലെയും മതനേതാക്കളുടെ അന്തസും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കുറ്റം ചെയ്തവർ ആരായാലും ശിക്ഷപ്പെടാതെ പോകില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
International
സീയൂൾ: മൃഗശാലയിൽനിന്നു ചാടിപ്പോയ ചെന്നായയുടെ വ്യാജചിത്രം നിർമിതബുദ്ധിയുടെ സഹായത്തോടെ തയാറാക്കി പ്രചരിപ്പിച്ചയാളെ ദക്ഷിണകൊറിയൻ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം എട്ടിന് ദാജിയോൺ നഗരത്തിൽനിന്നു കാണാതായ ചെന്നായയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇതുമൂലം അവതാളത്തിലായെന്ന് അന്വേഷണസംഘം അറിയിച്ചു.
ന്യൂക്ഗു എന്നു പേരുള്ള ചെന്നായയ്ക്കായുള്ള തെരച്ചിൽ ദക്ഷിണകൊറിയയിൽ വൈറൽ വാർത്തയായിരിക്കെയാണു വ്യാജചിത്രം പുറത്തുവന്നത്. അന്വേഷണസംഘം പത്രസമ്മേളനത്തിൽ ഇതേ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
നൂറുകണക്കിന് പോലീസ്, അഗ്നിശമന സേനാംഗങ്ങൾ ചെന്നായയ്ക്കായുള്ള തെരച്ചിലിൽ പങ്കെടുത്തിരുന്നു. തെർമൽ ഇമേജിംഗ് ഡ്രോണുകളും ഉപയോഗിച്ചു. മൃഗശാലയ്ക്കു സമീപം കുന്നിൽ ഒളിച്ചുകഴിഞ്ഞ ചെന്നായയെ ഒന്‍പതു ദിവസത്തിനുശേഷമാണു കണ്ടെത്തിയത്. അന്വേഷണസംഘത്തെ കബളിപ്പിച്ച ചെന്നായ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാവുകയും ഇതു സംബന്ധിച്ച വാർത്ത ദക്ഷിണകൊറിയയിലുടനീളം വൈറലാവുകയും ചെയ്തു. വ്യാജചിത്രം മൂലം അന്വേഷണസംഘത്തിന്, ഒട്ടേറെപ്പേർക്ക് മുന്നറിയിപ്പു സന്ദേശം പുറപ്പെടുവിക്കേണ്ടിവന്നു. തമാശയ്ക്കുവേണ്ടി ചിത്രം തയാറാക്കിയെന്നാണ് പിടിയിലായ വ്യക്തി പോലീസിനോടു പറഞ്ഞത്.
District News
പേരൂര്‍ക്കട: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച വയോധികനെ പേട്ട പോലീസ് അറസ്റ്റുചെയ്തു. കരിക്കകം കടകംപള്ളി പുതുവല്‍ പുത്തന്‍വീട്ടില്‍ സതീഷ്കുമാര്‍ (64) ആണ് അറസ്റ്റിലായത്.
ഏപ്രില്‍ നാലിനു വൈകുന്നേരം ഏഴോടെ പേട്ട പോലീസ് സ്റ്റേഷന് പരിധിയില്‍ കരിക്കകം റെയില്‍വേ പാലത്തിനു സമീപമായിരുന്നു സംഭവം. ടൈറ്റാനിയം ടി.സി 32/703 ജെയിന് നിവാസില്‍ വിക്ടര്‍ ആന്‍ഡ്രുവിന്റെ മകന് വിജിന് വിക്ടറിനാണ് കുത്തേറ്റത്. പ്രതിയായ സതീഷ്കുമാറിന്റെ മകന്, വിജിന് വിക്ടര്‍ സ്ഥിരമായി മദ്യവും കഞ്ചാവും എത്തിച്ചുനല്കാറുണ്ടായിരുന്നു. ഇതു നിരവധി തവണ സതീഷ്കുമാര്‍ പറഞ്ഞുവിലക്കിയിരുന്നു. എന്നാല്‍ മദ്യവും കഞ്ചാവും നല്‍കുന്നത് ആവര്ത്തിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണമായത്. കുത്തേറ്റ വിജിന് വിക്ടര്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പേട്ട സ്റ്റേഷനില്‍ അഞ്ചോളം ലഹരിമരുന്നു വില്‍പ്പന, അടിപിടിക്കേസുകളിലെ പ്രതിയാണ് വിജിന് വിക്ടറെന്നു പോലീസ് പറഞ്ഞു. അറസ്റ്റിലായ സതീഷ്കുമാറിനെ കോടതി റിമാന്‍ഡ് ചെയ്തു.
District News
ഒല്ലൂർ: വീട്ടിൽ ചാരായം വാറ്റാനുപയോഗിക്കുന്ന സാമഗ്രികളും വാഷുമായി മാന്ദാമംഗലം മരോട്ടിച്ചാൽ തണ്ടാശേരി ബാബുരാജനെ പിടികൂടി.
ഒല്ലൂർ സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ ടോംസന്റെ നിർദേശാനുസരണം ഒല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫൈസലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഫാം ഹൗസിൽ ചാരായം വാറ്റുന്നതിനായി തയാറാക്കിയ വാഷും വാറ്റുന്നതിനാവശ്യമായ ഗ്യാസ് സ്റ്റൗ അടക്കമുള്ള സാമഗ്രികളും കണ്ടെത്തിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ഷെബീബ് റഹ്മാൻ, വരുൺ, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, സരീഷ്, സുകന്യ, സുനീഷ്
എന്നിവരും ഉണ്ടായിരുന്നു.
District News
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ നൽകിയ ആളെ ആലപ്പുഴ സൗത്ത് പോലീസ് പിടികൂടി. ഇരവുകാട് വാർഡിൽ അച്ചാപ്പു മൻസിലിൽ ഷിജുവാണ് (49) അറസ്റ്റിലായത്. ഇരവുകാട് സ്വദേശിനിയായ ഒരു യുവതിയുടെ വീട്ടിലെ ബാത്ത്റൂമിൽ നിരോധിത പുകയില ഉത്പന്നത്തിന്റെ കവർ കണ്ടതോടെയാണ് സംഭവം പുറത്തുവന്നത്.
സ്കൂൾ വിദ്യാർഥിയായ മകനോട് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് മുമ്പ് കൂടെ പഠിച്ചിരുന്ന കൂട്ടുകാരന്റെ പിതാവായ ഷിജു പുകയില ഉത്പന്നങ്ങൾ നൽകുന്ന വിവരം പറഞ്ഞത്. തുടർന്ന് യുവതി ആലപ്പുഴ സൗത്ത് സിഐ വി.എസ്. വിനീഷിന് പരാതി നൽകുകയായിരുന്നു.
തുടർന്ന് സൗത്ത് പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൾ എസ്ഐ നവീൻ ജോർജ് ഡേവിഡ്, സിപിഒമാരായ ജി. അരുൺ, ഡാരിൽ നെൽസൺ എന്നിവർ തിരുവമ്പാടി കള്ളുഷാപ്പിനു സമീപമുള്ള ഷിജുവിന്റെ പെട്ടിക്കടയിൽ നടത്തിയ പരിശോധനയിൽ രഹസ്യ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരവധി പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടുകയായിരുന്നു. മുമ്പും നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റതിന് ഷിജുവിനെ പോലീസ് പിടികൂടിയിട്ടുണ്ട്. അതിൽനിന്ന് ജാമ്യത്തിൽ ഇറങ്ങിയതിനുശേഷമാണ് വീണ്ടും നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
പേരൂര്‍ക്കട: വില്‍പ്പന നടത്തുന്നതിനായി കഞ്ചാവ് കൈവശം സൂക്ഷിച്ച തമിഴ്നാട് സ്വദേശിക്ക് തടവും പിഴയും വിധിച്ച് കോടതി.
മധുര കീഴ്പ്പെട്ടി സ്വദേശി ആണ്ടിസാമിയെ (54) യാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് സിജു ഷേഖ് നാലുവര്‍ഷം കഠിന തടവിനും 20,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്.
District News
കൊച്ചി: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കടവന്ത്ര ഉദയാകോളനിയില്‍ താമസിക്കുന്ന പ്രതീഷിനെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ മൂന്നു പോലീസുകാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഞായറാഴ്ച വൈകിട്ട് 6.50 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ഉദയാകോളനിയിലെ ഒരു സ്ത്രീയെ പ്രതി ശല്യം ചെയ്യുന്നുവെന്ന ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കടവന്ത്ര സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ മുഖത്ത് ഇയാള്‍ തുപ്പുകയും മുഖത്തിടിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
District News
ആലപ്പുഴ: ഭാര്യക്ക് മൊബൈൽ ഫോണിൽ മെസേജ് അയച്ചയാളെ ചുറ്റികയ്ക്ക് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ ആലപ്പുഴ മുൻസിപ്പൽ കളപ്പുര വാർഡിൽ മാങ്കിയിൽ വീട്ടിൽ ജോൺസൺ മകൻ ജോബിനെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം.
ഷിബിൻ രാജിനെയാണ് ജോബിൻ ആക്രമിച്ചത്. ഷിബിൻരാജ് ചികിത്സയിൽ തുടരുകയാണ്. ആലപ്പുഴ ഡിവൈഎസ്പി ജി.ബി. മുകേഷിന്റെ മേൽനോട്ടത്തിൽ ആലപ്പുഴ നോർത്ത് ഇൻസ്പെക്ടർ എം.ജെ. അരുൺ, എസ്ഐ സജീവ്, എഎസ്ഐമാരായ സുമേഷ്, ഷാജി തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ്, ഗിരീഷ്, വിനുകൃഷ്ണൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
പന്തളം: ഭർത്താവുമായി അകന്നുകഴിയുന്ന തിരുവനന്തപുരം സ്വദേശിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. തുമ്പമണിൽ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന യുവതിയെയാണ് ഇന്നലെ രാവിലെ എട്ടോടെ തുമ്പമൺ പഞ്ചായത്ത് ഓഫീസിന് സമീപത്ത് ആക്രമിച്ചത്. ആലപ്പുഴ പാതിരപ്പള്ളി സ്വദേശി പടിഞ്ഞാറെ വിളയിൽ കരിങ്ങാറ്റ കുഴിയിൽ വീട്ടിൽ സുമേഷ് (48) ആണ് പിടിയിലായത്.
യുവതിയുടെ തലയ്ക്ക് വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താനായിരുന്നു ശ്രമം. തലയ്ക്ക് പൊട്ടലും ആഴത്തിൽ മുറിവും ഏറ്റ യുവതിയെ അടൂർ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
കേസ് രജിസ്റ്റർ ചെയ്ത പന്തളം പോലീസ് സുമേഷിനെ ഉടൻതന്നെ സ്ഥലത്തുനിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. യുവതിയുമായി സുമേഷ് ഇഷ്ടത്തിലായിരുന്നതായി പറയുന്നു. പന്തളം: ഭർത്താവുമായി അകന്നുകഴിയുന്ന തിരുവനന്തപുരം സ്വദേശിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. തുമ്പമണിൽ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന യുവതിയെയാണ് ഇന്നലെ രാവിലെ എട്ടോടെ തുമ്പമൺ പഞ്ചായത്ത് ഓഫീസിന് സമീപത്ത് ആക്രമിച്ചത്. ആലപ്പുഴ പാതിരപ്പള്ളി സ്വദേശി പടിഞ്ഞാറെ വിളയിൽ കരിങ്ങാറ്റ കുഴിയിൽ വീട്ടിൽ സുമേഷ് (48) ആണ് പിടിയിലായത്.
യുവതിയുടെ തലയ്ക്ക് വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താനായിരുന്നു ശ്രമം. തലയ്ക്ക് പൊട്ടലും ആഴത്തിൽ മുറിവും ഏറ്റ യുവതിയെ അടൂർ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. കേസ് രജിസ്റ്റർ ചെയ്ത പന്തളം പോലീസ് സുമേഷിനെ ഉടൻതന്നെ സ്ഥലത്തുനിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. യുവതിയുമായി സുമേഷ് ഇഷ്ടത്തിലായിരുന്നതായി പറയുന്നു.
District News
തുറവൂർ: ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും യുവതിയുടെ അശ്ലീല വീഡിയോയും ഫോട്ടോകളും പ്രചരിപ്പിച്ച പ്രതി പോലീസ് പിടിയിൽ. കാസർഗോഡ് ഹോസ്ദുർഗ് ചെരുവാത്തൂർ കാടൻകോട് വീട്ടിൽ കെ.പി. മനീഷിനെയാണ് (50) കുത്തിയതോട് പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുമായി സൗഹൃദം ഉണ്ടാക്കിയ പ്രതി പിന്നീട് യുവതിയെ ശല്യം ചെയ്യാൻ തുടങ്ങിയതോടെ സൗഹൃദം അവസാനിപ്പിച്ചിരുന്നു. തുടർന്നാണ് പ്രതി യുവതിയുടെ ഭർത്താവിനെയും മകളെയും ബന്ധുക്കളെയും ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് യുവതിയുടെ അശ്ലീല വീഡിയോ ആ ഗ്രൂപ്പിൽ അയച്ചുകൊടുത്തത്. യുവതിയുടെ പേരിൽ നാലോളം വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അതിൽ യുവതിയുടെ നാട്ടിലുള്ള ആൾക്കാരെ അംഗങ്ങളാക്കിയാണ് യുവതിയുടെ അശ്ലീല ഫോട്ടോയും വീഡിയോയും ഷെയർ ചെയ്തിരുന്നത്.
ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചേർത്തല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അനിൽകുമാറിന്റെ നേതൃത്വത്തിൽ കുത്തിയതോട് ഇൻസ്പെക്ടർ പി. രതീഷ്, എസ്ഐ ബജിത്ത് ലാൽ, സിവിൽ പോലീസ് ഓഫീസർമാരായ വിജേഷ്, മനീഷ് കെ. ദാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇതിനുമുമ്പ് ഇതേ യുവതിയെ പുറകെ നടന്ന് ശല്ല്യപ്പെടുത്തിയതിന് കുത്തിയതോട് പോലീസെടുത്ത കേസിൽ ഇയാൾ റിമാൻഡി ൽ കഴിഞ്ഞിട്ടുള്ളതാണ്.
District News
തലയോലപ്പറമ്പ്: സ്കൂട്ടറിൽ വീട്ടിലേക്കു പോകുകയായിരുന്ന യുവതിയുടെ പിന്നാലെ ബൈക്കിലെത്തി സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാവിനെ രാമമംഗത്തുനിന്നു പോലീസ് പിടികൂടി. മണീട് ഏഴക്കരനാട് സൗത്തിൽ ശാസ്താംമോളേൽ ടി. രജീഷാ(39)ണ് പിടിയിലായത്.
തലയോലപ്പറമ്പ്-എറണാകുളം റോഡിൽ തലപ്പാറ ജംഗ്ഷനു സമീപം കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് കല്ലറ സ്വദേശിയായ ഷീബ(48)യുടെ മൂന്നു പവനോളം വരുന്ന സ്വർണ താലിമാലയാണ് ഇയാൾ അപഹരിച്ചത്.
വീട്ടമ്മ വടകര ഭാഗത്തുനിന്നു സ്കൂട്ടറിൽ വീട്ടിലേക്കു പോകുകയായിരുന്നു. പിന്നാലെ എത്തിയ ബൈക്ക് കടന്നുപോകുന്നതിനായി സ്കൂട്ടർ റോഡരികിലേക്ക് ഒതുക്കുന്നതിനിടെ ബൈക്ക് നിർത്തിയ ശേഷം ഇവരുടെ കഴുത്തിൽക്കിടന്ന മാല പൊട്ടിക്കുകയായിരുന്നു. സംഭവത്തിൽ തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എസ്എച്ച്ഒ റിച്ചാർഡ് വർഗീസ്, എസ്ഐ ജെ. സന്ദീപ്, സിപിഒമാരായ വി.എൻ. മനീഷ്, പ്രവീൺ കുമാർ, സാം, എസ്സിപിഒ കെ.എം. മനീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
District News
പേരൂര്‍ക്കട: ബാങ്കില്‍ വ്യാജരേഖകള്‍ ഹാജരാക്കി 75 ലക്ഷം രൂപ തട്ടിയെടുത്തയാളെ മ്യൂസിയം പോലീസ് പിടികൂടി. തിരുമല വിജയമോഹിനി മില്ലിനു സമീപം നീരാചേരി ലെയിന്‍ ഹൗസ് നമ്പര്‍ 187 (ജി) യില്‍ വാടകയ്ക്കു താമസിച്ചുവന്ന അനുരാജ് (36) ആണ് പിടിയിലായത്.
2020-ലാണ് കേസിനാസ്പദമായ സംഭവം. പ്രമാണം, തിരിച്ചറിയല്‍ രേഖകള്‍ തുടങ്ങിയവ ഹാജരാക്കി എസ്ബിഐ ആല്‍ത്തറ ശാഖയില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയെടുത്തത്. അഞ്ചാറുമാസം തിരിച്ചടവില്‍ മുടക്കം ഉണ്ടായിരുന്നില്ല. പിന്നീട് പണം ബാങ്കില്‍ അടയ്ക്കാതെ വന്നതോടെയാണ് അന്വേഷണമുണ്ടായത്.
കോവിഡ് കാലമായിരുന്നതിനാല്‍ പരാതി നല്‍കുന്നതിനും അന്വേഷണം നടത്തുന്നതിനും വൈകുകയായിരുന്നു. ബാങ്ക് അധികൃതര്‍ നല്കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ അനുരാജ് ഹാജരാക്കിയ പ്രമാണത്തിലെ സര്‍വേനമ്പര്‍ വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു. അന്വേഷണം നടന്നുവരുന്നതിനിടെ മ്യൂസിയം സ്റ്റേഷന് പരിധിയില്‍ നടന്ന വാഹനപരിശോധനയ്ക്കിടെ ഇയാള്‍ പിടിയിലാകുകയായിരുന്നു.
ഇയാള്‍ ഓടിച്ചിരുന്ന വാഹനത്തില്‍നിന്ന് ഒരുഗ്രാം എംഡിഎംഎയും പോലീസ് കണ്ടെത്തുന്നു. ഇതിനും ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
District News
പേരൂര്‍ക്കട: യുവതിയുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ആളെ പേരൂര്‍ക്കട പോലീസ് അറസ്റ്റുചെയ്തു. കാച്ചാണി ചിലക്കുഴി കൃഷ്ണവിലാസം വീട്ടില്‍ സന്തോഷ് കുമാര്‍ (53) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ 8.30നാണ് കേസിനാസ്പദമായ സംഭവം. കരൂര്‍ക്കോണം സ്വദേശിനിയായ 22-കാരിയാണ് അപമാനിക്കപ്പെട്ടത്.
മണ്ണാമ്മൂല കണ്‍കോര്‍ഡിയ സ്കൂളിനു പിറകുവശത്ത് സ്കൂട്ടറില്‍ എത്തിയ പ്രതി യുവതിയോട് വഴി ചോദിക്കുകയായിരുന്നു. വഴി പറഞ്ഞുനൽകി യുവതി മുന്നോട്ടു നടക്കവെ സ്കൂട്ടര്‍ വഴിയില്‍ നിര്‍ത്തിയ പ്രതി നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. യുവതി ബഹളം വച്ചപ്പോള്‍ സ്ഥലത്തുനിന്നു രക്ഷപ്പെട്ട സന്തോഷിനെ സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തികിന്റെ നിര്‍ദേശപ്രകാരം പേരൂര്‍ക്കട സിഐ എം. ഉമേഷും സംഘവുമാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Kerala
ഗുരുവായൂർ: ചാർട്ടേർഡ് അക്കൗണ്ടന്റാണെന്നു തെറ്റിദ്ധരിപ്പിച്ച് ലോഡ്ജ് ഉടമയിൽനിന്ന് 13.65 ലക്ഷം തട്ടിയ ആളെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സിങ്കനെല്ലൂർ കണ്ണൻനഗറിൽ താമസിക്കുന്ന മലയാളിയായ നീലകണ്ഠൻ മൂസതി(56)നെയാണ് ടെമ്പിൾ സിഐ ജി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചെന്നൈയിൽനിന്ന് അറസ്റ്റുചെയ്തത്.
ഗുരുവായൂർ പടിഞ്ഞാറേനടയിലെ സത്യാ ഇൻ ലോഡ്ജുടമയ്ക്കു ജിഎസ്ടി കണക്കുകൾ ശരിയാക്കിനൽകാമെന്നു വാഗ്ദാനംചെയ്താണ് പണം തട്ടിയത്. 2024 ജൂലൈ ഒന്നുമുതൽ 2025 നവംബർ ഒന്നുവരെയുള്ള കാലയളവിൽ പല പ്രാവശ്യമായി പണം കൈപ്പറ്റിയാണ് തട്ടിപ്പ് നടത്തിയത്.
തുടർന്ന് ഗുരുവായൂരിൽനിന്നു മുങ്ങിയ പ്രതി പല സിമ്മുകൾ ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ചെന്നൈ, പേരാനെല്ലൂർ, കോയമ്പത്തൂർ, കോയമ്പേട്, ട്രിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ ഒരാഴ്ചയോളം നടത്തിയ നിരന്തര അന്വേഷണത്തിനൊടുവിലാണ് ചെന്നൈയിൽനിന്നു പിടികൂടിയത്.
ബികോം ബിരുദധാരിയായ പ്രതി ചാർട്ടേഡ് അക്കൗണ്ടന്റാണെന്ന വ്യാജേന ലക്ഷ്വറി ഹോട്ടലുകളിൽ റൂമെടുത്തു താമസിച്ചാണ് തട്ടിപ്പു നടത്തിവന്നിരുന്നത്.
District News
പള്ളിക്കത്തോട്: ബാഗിനുള്ളില്‍നിന്ന് ഒരു ലക്ഷം രൂപ മോഷ്ടിച്ച പ്രതി അറസ്റ്റില്‍. ഇടുക്കി മണക്കാട് സ്വദേശി കുന്നേല്‍ ലിജോ തോമസിനെ (43)യാണ് പള്ളിക്കത്തോട് പോലീസ് പിടികൂടിയത്.
പള്ളിക്കത്തോട് ബസ് സ്റ്റാൻഡിന് സമീപത്തുളള ജോയ്സ് ബേക്കറിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ബേക്കറിയില്‍ ചായകുടിക്കാനായെത്തിയ ലിജോ സെയില്‍സ്മാനായ യുവാവിന്റെ ഷോള്‍ഡര്‍ ബാഗില്‍നിന്നു ഒരു ലക്ഷം രൂപ മോഷ്ടിക്കുകയായിരുന്നു. പള്ളിക്കത്തോട് എസ്എച്ച്ഒ പി.എസ്. രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
District News
അടൂർ: റോഡരികില്‍ വഴി പറഞ്ഞ് കൊടുത്തു നിന്ന യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കൊടുമണ്‍ ഇടത്തിട്ട മണ്ണില്‍ വടക്കേതില്‍ വീട്ടില്‍ എം.എസ്. മിഥുന് (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒന്‍പതിന് ഉച്ചകഴിഞ്ഞാണ് കേസിനാസ്പദമായ സംഭവം.
ചന്ദനപ്പള്ളി ഭാഗത്തു നിന്നു വന്ന കാര്യാത്രികന് കൊടുമണ്‍ ഭാഗത്തേക്ക് പോകാനുളള വഴി പറഞ്ഞുകൊടുത്ത് കൊണ്ട് ഇടത്തിട്ടയിൽ നിന്നയാളെ പിന്നാലെ ഇന്നോവ കാറിലെത്തിയ മിഥുൻ ക്രൂരമായി മർദിച്ചെന്നാണ് പരാതി.
പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഒളിവിൽ പോയ മിഥുനെ കാറുമായി ഒറ്റപ്പാലത്തു നിന്നാണ് കൊടുമൺ പോലീസ് ഇൻസ്പെക്ടർ പി. അനൂബ് കസ്റ്റഡിയിലെടുത്തത്.
Kerala
തിരുവനന്തപുരം: റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകളുടെ ചില്ല് എറിഞ്ഞു തകർത്തയാൾ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി ചന്ദ്രമൗരിയെയാണ് നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയത്.
മാനസികവിഭ്രാന്തി പ്രകടിപ്പിച്ച ഇയാളെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി ചെന്തിട്ട, തൈക്കാട് ഭാഗങ്ങളിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലാണ് ഇയാൾ എറിഞ്ഞ് തകർത്തത്. സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചാണ് നാട്ടുകാർ ആളെ പിടികൂടിയത്.
കറുത്ത ഷർട്ടും പാന്റ്സും കൈയിൽ കവറുമായെത്തിയ ഇയാൾ പരിസരത്ത് ആളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് കല്ലെടുത്ത് വാഹനങ്ങളുടെ ചില്ലെറിഞ്ഞ് പൊട്ടിച്ചത്. ദൃശ്യങ്ങളിൽനിന്ന് ആളെ തിരിച്ചറിഞ്ഞവർ പരിസരങ്ങളിൽ അന്വേഷണം നടത്തി ഡിപിഐ ഭാഗത്തുനിന്നു പ്രതിയെ പിടികൂടുകയായിരുന്നു.
District News
തൃപ്രയാർ: യുവതിയെയും സുഹൃത്തിനെയും ആക്രമിച്ച കേസ്സിൽ പ്രതി അറസ്റ്റിൽ. നാട്ടിക എകെജി ഉന്നതി സ്വദേശി കാമ്പ്രത്ത് വീട്ടിൽ അഖിൽ (33)നെയാണ് തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 10ന് രാത്രി ഒന്പതരയോ ടെ നാട്ടിക സ്വദേശിനിയായ യുവതി സുഹൃത്തിനൊപ്പം ബൈക്കിൽ വന്നിറങ്ങിയ സമയം പ്രതി ഒരു കാരണവും കൂടാതെ യുവതിയുടെ സുഹൃത്ത് അമലിനെ മുഖത്ത് കൈകൊണ്ടടിച്ച് പരിക്കേൽപ്പിക്കുകയും തടയാൻ ചെന്ന യുവതിയെ ലൈഗീക ചുവയോടെ അസഭ്യങ്ങൾ പറയുകയും കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും യുവതിയുടെ ഷോൾഡറിലും നെഞ്ചിലും പിടിച്ച് തള്ളി മാനഹാനി വരുത്തിയ സംഭവത്തിലാണ് നിരവധി ക്രിമിനൽക്കേസിലെ പ്രതിയായ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
ചാലക്കുടി: പരിയാരം പൂവത്തിങ്കൽ പെട്രോൾപമ്പിനുസമീപം പാർക്ക് ചെയ്തിരുന്ന ബൊലേറോ പിക്കപ്പ് വാൻ മോഷ്ടിച്ചയാൾ അറസ്റ്റിൽ.
പരിയാരം മുനിപ്പാറ കിഴക്കുംതല വീട്ടിൽ നസീറിനെ(50)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 1.30ന് പരിയാരം പൂവത്തിങ്കൽ പെട്രോൾപമ്പിന് സമീപത്തുനിന്നാണ് പിക്കപ്പ് വാൻ മോഷ്ടിച്ച് കൊണ്ടുപോയത്.
പോട്ട പയ്യപ്പിള്ളി വീട്ടിൽ റിബിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് മോഷ്ടിക്കപ്പെട്ടത്. റിബിൻ ഉടനെതന്നെ ചാലക്കുടി പോലീസിൽ വിവരമറിയിച്ചു.
തുടർന്നുനടന്ന ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതിയെയും വാഹനത്തെയും പോലീസ് തിരിച്ചറിഞ്ഞത്.
സംഭവത്തിനുപിന്നാലെ നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിൽ പ്രതിയെ പോലീസ് പിടികൂടി. വാഹനം കസ്റ്റഡിയിലെടുത്തു.
നസീർ ചാലക്കുടി, അതിരപ്പിള്ളി, ഗുരുവായൂർ ടെമ്പിൾ, പാലക്കാട് ടൗൺ പോലീസ് സ്റ്റേഷനുകളിലായി ഏഴു ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ചാലക്കുടി സിഐ എം.കെ. സജീവ്, എസ്ഐ അജിത്ത്, ജിഎസ്ഐ ഉണ്ണികൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർമാരായ അമൽ, റെജിൻ, സോനു, ദീപു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
NRI
ഡാളസ്: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ദമ്പതികളെ വെടിവച്ച കേസിൽ 26കാരനായ നോഹ ട്രൂബയെ ഡാളസ് പോലീസ് അറസ്റ്റ് ചെയ്തു. വടക്കുപടിഞ്ഞാറൻ ഡാളസിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വെടിയേറ്റ 57കാരിയായ ഗ്വാഡലൂപ്പ് ഗോൺസാലസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പ്രതിയും ദമ്പതികളും ഒന്നിച്ച് മദ്യപിക്കുകയും ലഹരിമരുന്ന് ഉപയോഗിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ദമ്പതികൾ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും അതിനാലാണ് വെടിവച്ചതെന്നുമാണ് പ്രതിയുടെ വാദം.
സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ ഡ്രോൺ നിരീക്ഷണത്തിലൂടെയാണ് പോലീസ് കണ്ടെത്തിയത്. ഹൈവേയ്ക്ക് സമീപം ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ.നിലവിൽ നോഹ ട്രൂബ ഡാലസ് കൗണ്ടി ജയിലിലാണ്.
ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.
District News
ആലുവ: ഫോറെക്സ് ട്രേഡിംഗ് വഴി ലാഭം വാഗ്ദാനം ചെയ്ത് 41 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ വിദേശത്ത് നിന്ന് കോഴിക്കോട് വന്നിറങ്ങിയപ്പോൾ അറസ്റ്റ് ചെയ്തു. കാസർഗോഡ് ഇരിയാൻ പള്ളം വീട്ടിൽ മുഹമ്മദ് ഹബീബ് റഹ്മാ(25)നെയാണ് റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
ആൻസോ ക്യാപ്പിറ്റൽ എന്ന കമ്പനിയുടെ പ്രതിനിധിയാണെന്ന് പറഞ്ഞാണ് കോടനാട് ചേരാനല്ലൂർ സ്വദേശിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. ഇയാളുടെ പക്കൽനിന്ന് പല തവണയായി 41,21,514 രൂപ തട്ടിയെടുക്കുകയും ചെയ്തു.
2024 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരനിൽ നിന്നു പണം അയപ്പിക്കുകയായിരുന്നു. പത്ത് ബാങ്കിംഗ് ഇടപാടുകളിലൂടെയാണ് പണം കൈക്കലാക്കിയത്. തുടർന്ന് 1,11,552 രൂപ പരാതിക്കാരന് അയച്ച് കൊടുത്തു. ലാഭം ഉൾപ്പെടെ ബാക്കി 40, 09,962 രൂപ നൽകാതിരുന്നതോടെയാണ് പോലീസിൽ പരാതി നല്‍കിയത്.
അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചാണ് അന്വേഷണസംഘം മുഹമ്മദ് ഹബീബ് റഹ്മാനിലേക്ക് എത്തുന്നത്. അന്വേഷണത്തിൽ ഇയാൾ വിദേശത്താണെന്ന് അറിഞ്ഞതിനെ തുടർന്ന് ഇയാൾക്കെതിരേ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോളാണ് മുഹമ്മദ് ഹബീബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇൻസ്പെക്ടർ വി.ആർ. ജഗദീഷ്, എസ്ഐമാരായ സി.കെ. രാജേഷ്, ടി.കെ. വർഗീസ്, എഎസ്ഐ ടി.കെ. സലാവുദ്ദീൻ, എസ്സിപിഒ പി.കെ. ദിനേശൻ, സിപിഒമാരായ ജെറി കുര്യാക്കോസ്, അൽബിൻ പീറ്റർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്
District News
കരുനാഗപ്പള്ളി: മദ്യപിക്കാൻ പണം കൊടുക്കാത്തയാളെ കുത്തി പരിക്കേൽപ്പിച്ചയാൾ പിടിയിൽ. കല്ലേലി ഭാഗം പുതിയവീട്ടിൽ വടക്കതിൽ ഷാൻ (44 )ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ദിവസം മാരാരി തോട്ടത്ത് നൗഫലിനെ തടഞ്ഞു നിർത്തി മദ്യപിക്കാനായി പണം ആവശ്യപ്പെട്ടു.
അതു കൊടുക്കാത്തതിന്റെ വിരോധത്താൽ പ്രതിയായ ഷാൻ നൗഫലിനെ ചെകിടത്തടിക്കുകയും കൈയിൽ കരുതിയ ഏതോ മൂർച്ചയുള്ള ആയുധം വച്ചു കുത്തുകയുമായിരുന്നു. കുത്തിയതു കൈകൊണ്ട് തടഞ്ഞതിനാൽ ഇടത് കൈയ്ക്കാണ് പരിക്കേറ്റത്.
കരുനാഗപ്പള്ളി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് മാളിയേക്കൽ ജംഗഷനു സമീപം വച്ച് പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ജയേഷ് ,ആഷിഖ്, സുരേഷ് കുമാർ, എസ് സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
District News
കൊട്ടിയം: സൈക്കിൾ നൽകാത്ത വിരോധം നിമിത്തം യുവാവിനെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
തൃക്കോവിൽവട്ടം കണ്ണനല്ലൂർ, വടക്കേ മൈലക്കാട് പുത്തൻവിള വീട്ടിൽ ഹരികൃഷ്ണൻ (26) ആണ് കൊട്ടിയം പോലീസി െ ന്റ പിടിയിലായത്. വടക്കേ മൈലക്കാട് കിഴക്കേ മതെരുവിള വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8.30 ഓടെ ഹരികൃഷ്ണൻ വടക്കേമൈലക്കാട് പള്ളിവാസൽ കാവിന് സമീപം വെച്ച് ഉണ്ണികൃഷ്ണനെ തടഞ്ഞു നിർത്തി സൈക്കിൾ ബലമായി പിടിച്ചു വാങ്ങാൻ ശ്രമിച്ചു. സൈക്കിൾ നൽകാൻ വിസമ്മതിച്ചതോടെ ഹരികൃഷ്ണൻ സൈക്കിൾ ദൂരത്തേക്ക് വലിച്ചെറിയുകയും കയ്യിലിരുന്ന കത്തി കൊണ്ട് ഉണ്ണികൃഷ്ണനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
പരിക്കേറ്റ ഉണ്ണികൃഷ്ണൻ കൊട്ടിയം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊട്ടിയം ഇൻസ്പെക്ടർ പി.പ്രദീപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ നിതിൻ നളൻ, ശ്രീകുമാർ, സിപിഒ വിനോദ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
District News
മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒളിവിൽ ആയിരുന്ന പ്രതി പിടിയിൽ.
തരുവണ, പൊരുന്നന്നൂർ, ചങ്കരപ്പാൻ അബ്ദുൾ മജീദി(56)നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. നവംബറിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞദിവസം തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലാണ് ഇയാളെ മാനന്തവാടി പോലീസ് സംഘം പിടികൂടിയത്.
ഒരു മാസത്തോളം ഫോണ്‍ ഉപയോഗിക്കാതെ ഒളിവിൽ താമസിക്കുകയായിരുന്നു. ഇൻസ്പെക്ടർ എസ്എച്ച്ഒ പി. റഫീഖ്, സബ് ഇൻസ്പെക്ടർ കെ. സിൻഷ, അസി. സബ് ഇൻസ്പെക്ടർ റോയ്സണ്‍ ജോസഫ്, സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ് നിസാർ, പ്രജീഷ്, അരുണ്‍കുമാർ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Kerala
കോഴിക്കോട്: അതിജീവിതയെ വെളിപ്പെടുത്തുന്ന സമൂഹമാധ്യമ പോസ്റ്റ് ഷെയർ ചെയ്ത കോഴിക്കോട് സ്വദേശി അറസ്റ്റിൽ. കോഴിക്കോട് ചേളന്നൂർ സ്വദേശി പയ്യട സന്തോഷ് കുമാറിനെയാണ് (56) കോഴിക്കോട് റൂറല്‍ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ സൈബർ പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പീഡന പരാതിയുടെ പശ്ചാത്തലത്തില്‍ കോൺഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്.
ബുധനാഴ്ച രാത്രിയാണ് സന്തോഷ് കുമാറിനെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് റജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്.
Kerala
കട്ടപ്പന: നഴ്സിംഗ് കോഴ്സിന് അഡ്മിഷൻ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽനിന്ന് 2.40 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. വടക്കഞ്ചേരി ഞാറംവാൻകുളമ്പ്, കണക്കൻതുരുത്തി പഴയചിറ ബിനു (49) ആണ് അറസ്റ്റിലായത്. പാലാ, തിരുവല്ല എന്നീ സ്ഥലങ്ങളിലുള്ള നഴ്സിംഗ് കോളജുകളിൽ അഡ്മിഷൻ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് കട്ടപ്പന സ്വദേശിയായ യുവതിയിൽ നിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ്.
സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യം കണ്ടാണ് യുവതി ഇയാളെ ബന്ധപ്പെട്ടത്. അഡ്മിഷൻ ലഭിക്കാതെ വന്നതോടെ പണം തിരികെ ആവശ്യപെട്ടെങ്കിലും നൽകിയില്ല. തുടർന്ന് യുവതി കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോനു പരാതി നൽകുകയായിരുന്നു.
തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നിർദേശപ്രകാരം പോലീസ് ഇയാളെ പാലക്കാടുനിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാൾക്കെതിരെ കഞ്ഞിക്കുഴി, കോട്ടയം, പൊൻകുന്നം, മണർകാട്, പാലാരിവട്ടം, എറണാകുളം, പാമ്പാടി പോലീസ് സ്റ്റേഷനുകളിൽ സമാന പരാതിയുണ്ട്. പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി.
National
മുംബൈ: മുംബൈയിലെ ഫ്രഞ്ച് കോൺസുലേറ്റിൽ ജോലി ചെയ്യുന്ന ഫ്രഞ്ചു വനിതയെ (27) ലൈംഗികമായി ഉപദ്രവിച്ചയാൾ പിടിയിൽ. ബാന്ദ്ര മേഖലയിൽവച്ചാണ് കഴിഞ്ഞയാഴ്ച ഫ്രഞ്ചുയുവതി ലൈംഗിക അതിക്രമത്തിനിരയായത്.
സ്കൂട്ടറിലെത്തിയ സുനിൽ വഗേല (25) ആണ് യുവതിയെ പീഡിപ്പിച്ചത്. ധാരാവിയിലെ ആക്രിക്കച്ചവടക്കാരനായ വഗേലയെ ശനിയാഴ്ച രാത്രിയാണ് പിടികൂടിയത്.
പരാതി നല്കി 24 മണിക്കൂറിനകം പ്രതിയെ പിടികൂടി. പ്രതിയുടെ സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു. അന്‍പതിലേറെ സിസിടിവി കാമറകൾ പരിശോധിച്ചാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്.
കോൺസുലേറ്റിൽ ഫ്രഞ്ച് ടീച്ചറായി പ്രവർത്തിക്കുകയാണ് യുവതി. സുഹൃത്തിന്റെ പാലി ഹില്ലിലുള്ള വീട്ടിലെത്തിയശേഷം മടങ്ങവേ നവംബർ എട്ടഅ അർധരാത്രിക്കാണ് ഫ്രഞ്ച്യുവതിക്കു നേർക്ക് ലൈംഗിക അതിക്രമമുണ്ടായത്.
District News
മൂവാറ്റുപുഴ : കോടതി പരിസരത്ത് നിന്നും പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട മോഷണ കേസിലെ റിമാന്‍ഡ് പ്രതി പിടിയില്‍. കഴിഞ്ഞ 29ന് വാഴക്കുളം പോലീസിനെ വെട്ടിച്ചു കടന്ന പശ്ചിമ ബംഗാള്‍ സ്വദേശി സനത് മണ്ഡലിനെയാണ് മുര്‍ഷിദാബാദിലെ റാണിനഗര്‍ പോലീസിന്റെ സഹായത്തോടെ മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പശ്ചിമ ബംഗാളിലെ പ്രതിയുടെ വീടിന് സമീപത്ത് നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ പിടികൂടിയത്.
വാഴക്കുളം സ്റ്റേഷൻ സബ് ഇന്‍സ്പെക്ടര്‍ ജോജി, സിപിഒ അനീഷ്, മൂവാറ്റുപുഴ പോലീസ് എസ്സിപിഒ അജിംസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രശ്ചിമ ബംഗാളിലെത്തി പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതിയെ നാളെ മൂവാറ്റുപുഴയിലെത്തിക്കും.
കല്ലൂര്‍ക്കാട് ജംഗ്ഷനിലുള്ള സ്ഥാപനത്തില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന ചെമ്പ് കോയിലുകളും, പിച്ചളയും മോഷ്ടിച്ച കേസില്‍ പിടിയിലായ സനത് മണ്ഡല്, ശ്രീമന്ദ മണ്ഡല് എന്നിവരാണ് മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടെ പരിസരത്തു നിന്നും രക്ഷപ്പെട്ടത്. കോടതി റിമാന്‍ഡ് ചെയ്ത ശേഷം ജയിലിലേക്കു കൊണ്ടുപോകാന്‍ ജീപ്പില്‍ കയറ്റുന്നതിനിടെ പ്രതികള്‍ പോലീസിനെ തള്ളി മാറ്റി രക്ഷപ്പെടുകയയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശ്രീമന്ദ മണ്ഡലിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയിരുന്നു.
Kerala
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാര്‍ഥിനിയോട് നഗ്നചിത്രം ആവശ്യപ്പെട്ട കാസര്‍ഗോഡ് സ്വദേശി പിടിയില്‍. കാട്ടിപ്പളം നാരായണീയം വീട്ടിൽ ഷിബിൻ (29 ) ആണ് പോക്സോ നിയമപ്രകാരം ബേപ്പൂർ പോലീസിന്റെ പിടിയിലായത്.
ബേപ്പൂർ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയോട് താൻ സിനിമാ സംവിധായകൻ ആണെന്നും സിനിമയിൽ അഭിനയിപ്പിക്കാമെന്നും പറഞ്ഞ് വാട്സ്ആപ് വഴി മെസേജ് അയയ്ക്കുകയും നിരന്തരം പിന്തുടർന്ന് നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയുമായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് സൈബർ സെല്ലുമായി ചേർന്നു നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് മനസിലാക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
International
ടോക്കിയോ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജപ്പാൻ സന്ദർശനത്തിനു ദിവസങ്ങൾ ശേഷിക്കേ ടോക്കിയോയിലെ യുഎസ് എംബസിക്കു സമീപം കത്തിയുമായി പ്രത്യക്ഷപ്പെട്ടയാൾ അറസ്റ്റിൽ. മുപ്പതിനടുത്ത് പ്രായമുള്ള ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഒരു പോലീസുകാരനു പരിക്കേറ്റു.
ഇയാളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വ്യക്തമല്ലെന്നാണ് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ചോദ്യംചെയ്യലിൽ അമേരിക്കയുമായോ ട്രംപുമായോ ബന്ധപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ല.
അടുത്ത തിങ്കൾ മുതൽ ബുധൻ വാരെയാണ് ട്രംപ് ജപ്പാൻ സന്ദർശിക്കുന്നത്. സുരക്ഷയ്ക്കായി 18,000 ഉദ്യോഗസ്ഥരെ ടോക്കിയോ പോലീസ് വിന്യസിച്ചിട്ടുണ്ട്.
നരുഹിതോ ചക്രവർത്തിയുമായും പുതിയ പ്രധാനമന്ത്രി സനായി തകായിച്ചിയുമായും ട്രംപ് ചർച്ച നടത്തും.
Kerala
കൊല്ലം: 150 ലിറ്റർ ഗോവ നിർമിത മദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ. പട്ടത്താനം സ്വദേശി ഡാനി ജേക്കബ് ആണ് പിടിയിലായത്.
പൂജ, ഗാന്ധി ജയന്തി അവധിക്ക് അമിത വില ഈടാക്കി വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്ന മദ്യമാണ് പിടികൂടിയത്. കൂട്ടാളിക്കായി പോലീസ് തെരച്ചിൽ തുടങ്ങി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈസ്റ്റ് പോലീസ് ജേക്കബിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 150 ലിറ്റർ ഗോവ നിർമിത മദ്യം പിടികൂടിയത്.
ബിവറേജസ് അവധി ആയാൽ ആവശ്യക്കാർക്ക് പറയുന്നിടത്ത് മദ്യം എത്തിച്ചു നൽകുന്നതാണ് ജേക്കബിന്റെ രീതി. ഗോവയിൽ 140 രൂപ വില വരുന്ന മദ്യം 700 രൂപയ്ക്കായിരുന്നു ഇയാൾ വിൽപ്പന നടത്തിയിരുന്നത്.
വീടിന്റെ പല ഭാഗത്തായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. ജേക്കബിന് കൂടാതെ മറ്റു ചിലരും ഇതിൽ പങ്കാളികളാണെന്ന് പോലീസ് പറയുന്നു. ട്രെയിനിൽ കൊണ്ടുവരുന്ന മദ്യം ജേക്കബിന്റെ വീട്ടിലാണ് ഒളിപ്പിച്ചു വയ്ക്കാറുള്ളത്.
പോലീസ് എത്തുമെന്ന് മനസിലാകി കൂട്ടാളി ഒളിവിൽ പോയി. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.